അസംബന്ധം ആവര്‍ത്തിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാന്‍ ശ്രമംനടക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയിലൂടെ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ അസംബന്ധങ്ങള്‍ ആവര്‍ത്തിച്ചു തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നു പോപുലര്‍ ഫ്രണ്ട്.
പോപുലര്‍ ഫ്രണ്ട് ഓഫിസില്‍ നിന്നു റെയ്‌ഡിനിടെ കണ്ടെത്തിയതെന്നവകാശപ്പെട്ടു മുഖ്യമന്ത്രി നിയമസഭയില്‍ ഉദ്ധരിച്ച രേഖ സംഘടനയുടേതല്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജനാധിപത്യവിരുദ്ധമോ മതരാഷ്ട്രവാദപരമോ ആയ എന്തെങ്കിലും ആശയമോ കര്‍മപദ്ധതിയോ പോപുലര്‍ ഫ്രണ്ടിനില്ല. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ഇല്ലായ്‌മ ചെയ്‌ത് ഇസ്‌്‌ലാമിക രാഷ്ട്രം സ്ഥാപിച്ചുകളയാമെന്നു സംഘടന കരുതുന്നുമില്ല.
തങ്ങള്‍ക്കെതിരായി ഉദ്ധരിച്ച രേഖ പോപുലര്‍ ഫ്രണ്ടിന്റെ ഏതെങ്കിലും ലഘുലേഖയില്‍ നിന്നോ പ്രസിദ്ധീകരത്തില്‍ നിന്നോ നേതാക്കളുടെ പ്രസംഗത്തില്‍ നിന്നോ ഉള്ളതാണെന്നു തെളിയിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
അതു തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്റേടം കാണിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച മുഖ്യമന്ത്രി നിയമസഭയെയും കേരള ജനതയെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ആധികാരിക വിവരങ്ങളെന്ന രീതിയില്‍ കല്ലുവച്ച നുണകള്‍ പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
അച്യുതാനന്ദന്റെ പ്രസ്‌താവനയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണു മുഖ്യമന്ത്രി വിളിച്ചുപറഞ്ഞതെന്നു വ്യക്തമാവുന്നു.
പാര്‍ട്ടി കേന്ദ്രനേതൃത്വം അനുവര്‍ത്തിച്ചുവരുന്ന ഹിന്ദുത്വപ്രീണന നയം കഴിഞ്ഞ ഭാരതബന്ദിലും ബംഗാള്‍ തിരഞ്ഞെടുപ്പിലും നാം കണ്ടതുമാണ്.
ആര്‍.എസ്.എസിന്റെ നാവായി മാറിയ വി എസിനെ മുഖ്യമന്ത്രിക്കസേരയിലിരുത്തി മതേതരത്വത്തെക്കുറിച്ചു പിണറായി നടത്തുന്ന പ്രസംഗം അഭിസാരികയുടെ ചാരിത്ര്യപ്രസംഗത്തിനു തുല്യമാണെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.



















