Popular Front of India Independence Day Celebration  2010

സത്യപ്രതിജ്ഞാ ലംഘനം: ഇമാംസ്‌ കൗണ്‍സില്‍

Tuesday, July 27th, 2010
കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ പ്രസ്‌താവന വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനും മതപരമായ ഭിന്നിപ്പ്‌ ഉണ്ടാക്കുന്നതിനും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്ന്‌ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്‌ ടി അബ്ദുര്‍റഹ്‌മാന്‍ ബാഖവി.
വാസ്‌തവവിരുദ്ധമെന്നു കണ്ടു കോടതി പോലും തള്ളിക്കളഞ്ഞ `ലൗ ജിഹാദ്‌' കള്ളപ്രചാരവേലയിലൂടെ മുസ്‌ലിം സമൂഹത്തെ വീണ്ടും വേട്ടയാടുന്നതിനുള്ള ഹീനമായ ശ്രമമാണ്‌ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്‌. ജനങ്ങള്‍ക്കുമുമ്പാകെ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണിത്‌.
സച്ചാര്‍ കമ്മിറ്റി പോലും ജനസംഖ്യയുടെയും ഭൗതികസൗകര്യങ്ങളുടെയും കാര്യത്തില്‍ മുസ്‌ലിംകള്‍ ഏറെ പിന്നിലാണെന്നു വ്യക്തമാക്കിയിരിക്കെ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ അച്യുതാനന്ദന്‍ ഇതു പറഞ്ഞതെന്നു വ്യക്തമാക്കേണ്ടതുണ്ട്‌. ശരീഅത്ത്‌ വിവാദകാലത്ത്‌ ഹീനമായ ശരീഅത്ത്‌ എന്നും മലപ്പുറം ജില്ലയില്‍ വിജയശതമാനം കൂടിയപ്പോള്‍ കോപ്പിയടിച്ചാണ്‌ ജയിക്കുന്നതെന്നും മുസ്‌ലിംകള്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമൊക്കെ മുമ്പു പറഞ്ഞിട്ടുള്ള അച്യുതാനന്ദന്റെ മുസ്‌ലിംവിരോധവും അസഹിഷ്‌ണുതയും കേരളം മുമ്പും കണ്ടതാണ്‌.
ആര്‍.എസ്‌.എസിനുള്ളതിനെക്കാള്‍ ശത്രുതാമനോഭാവം ഈ സമുദായത്തോടു സി.പി.എമ്മിനുണ്ടോയെന്നും ബാഖവി ചോദിച്ചു.
തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു നാലാംകിട രാഷ്ട്രീയക്കാരന്റെ റോളിലേക്ക്‌ അധപ്പതിച്ച സ്വന്തം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആദ്യം ലജ്ജിക്കേണ്ടത്‌ സി.പി.എം ആണെന്നും ബാഖവി കൂട്ടിച്ചേര്‍ത്തു.